Saturday, September 13, 2014

മണ്ണിൽ പിറന്ന ദേവ കന്യക

നാടകം  

മണ്ണിൽ പിറന്ന ദേവ കന്യക 

അബ്ദുൽ റഷീദ്  -  നമ്പിപുന്നിലത് 


ഡോക്ടര്‍. മുസ്തഫ " എന്‍റെ നാടകാനുഭവങ്ങള്‍  " എന്ന ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് . നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ നാടകങ്ങളും അവ സമൂഹത്തില്‍ ചെലുത്തിയ ചലനങ്ങളും സ്വാധീനങ്ങളുമാണ് വിഷയം. അതിലെ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും സര്‍വ്വോപരി കാണികളും അവരവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. ഒരു കാലഘട്ടത്തിന്റെ  സ്മരണകള്‍ രേഖപ്പെടുത്തുവാനുള്ള എളിയ സംരംഭം. ഈ വിഷയത്തില്‍ എനിക്കെന്തു സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് മുസ്തഫക്കറിയേണ്ടത്

എനിക്കെന്തു സംഭാവനയാണ് നല്‍കാന്‍ കഴിയുക..?  ഞാന്‍ ആലോചിച്ചു.  ഇതുവരെ അങ്ങനെ  ഒന്നും എഴുതിയ ഒരു പരിചയവു എനിക്കില്ല.  ഏതാനും പ്രൊഫഷണല്‍ നാടകങ്ങള്‍ കാണാനുള്ള ഭാഗ്യം ലഭിച്ചത് ഒഴിവാക്കിയാല്‍ എന്‍റെ അനുഭവങ്ങള്‍ വളരെ പരിമിതമാണ് . ഞാന്‍ എന്‍റെ നിസ്സഹായവസ്ഥ അറിയിച്ചു 

പ്രഗത്ഭരായ എഴുത്തുകാരുടെ രചനാനൈപുണ്യമൊന്നും ഞങ്ങളാരും ആവശ്യപ്പെടുന്നില്ല. മാത്രമല്ല അവരുടെ ഓർമ്മകളും അനുഭവങ്ങളും പലപ്പോഴും പത്ര താളുകളിലും മാസികകളിലും സ്ഥാനം പിടിച്ചവയുമാവും. നവാഗതരുടെ രചനകളാവുമ്പോൾ അതിന്നു പുതുമയും ജീവ ചൈതന്യവുമുണ്ടാവും.  നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ചുറ്റുപാടുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഓര്‍മ്മകളും അനുഭവങ്ങളും സ്വന്തമായ ഭാഷയില്‍ സ്വതസിദ്ദമായ ശൈലിയില്‍ പങ്കുവെക്കുക .  അതൊരു പുസ്തക രൂപത്തിലാകുമ്പോള്‍ ഭാവിതലമുറകള്‍ക്ക് . നമുക്ക് നല്‍കാന്‍ കഴിയുന്ന ഒരു വലിയ ഉപഹാരമാവും.  അതോടൊപ്പം അറിയപ്പെടാത്ത നമ്മള്‍ കുറെ പേര്‍ ഇവിടെ ജീവിച്ചിരുന്നു വെന്നും നമുക്ക് ചിലതൊക്കെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നുമുള്ള ഒരു വെളിപ്പെടുത്തലും കൂടിയാവും.   മുസ്തഫ ഉപസംഹരിച്ചു.

നാടക പ്രസ്ഥാനങ്ങളുമായി അനുഭവവും പരിചയവുമുള്ള ഹംസ കാക്കശേരി  ആസ്പിന്‍ അശ്രഫു തുടങ്ങിയവരെല്ലാം അവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ നല്‍കുന്നുണ്ടെന്ന് മുസ്തഫ പറഞ്ഞു.  നാടക രചനയും സംവിധാനവും അഭിനയവുമായി അമേച്ചര്‍ നാടകവേദികളിലും പ്രൊഫഷണല്‍ നാടക രംഗത്തും  തനതായ വ്യക്തി മുദ്രകള്‍ പതിപ്പിച്ചവരാണ് അവരിരുവരും.  അവരുമായി താരതമ്യം ചെയ്യുമ്പോള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു വലിയ വാകമാരത്തിന്നു കീഴില്‍ ഒരു കൊച്ചു മഞ്ഞപൂവുമായി നില്‍ക്കുന്ന ഒരു മുക്കുറ്റി  ചെടി മാത്രമാണ് ഞാന്‍.  

ആരുമാരും തിരിഞ്ഞു നോക്കാതെ ആരുടെയും കണ്ണില്‍ പ്പെടാതെ ഒരു പൂക്കളത്തിന്നും അലങ്കാര മാവാന്‍ ഭാഗ്യം ലഭിക്കാതെ മുറ്റത്തൊരു കോണില്‍ വിരിഞ്ഞു  നില്‍ക്കുന്ന ഒരു മുക്കുറ്റി.  എന്നാലും ആ ഒരൊറ്റ പൂവ്  കൊണ്ട് ഒരു വസന്തമൊരുക്കി തന്‍റെ സന്നിദ്ദ്യം ഒരുത്സവമാക്കി നില്‍ക്കുന്നു.   ആ കൊച്ചു പൂവിന്നും പയാനെന്തെന്കിലും  ഉണ്ടാവില്ലേ ..... .  എൻറെ മനസ്സ് ഓർമ്മകളുടെ ഊട് വഴികളിലൂടെ ഒരു പാടു സഞ്ചരിച്ചു ആ  അന്വേഷണങ്ങൾക്കൊടുവിലാണ്  ഇത്രയും കുറിക്കുവാൻ എനിക്ക് കഴിഞ്ഞത്

വളരെ വളരെ വര്‍ഷങ്ങള്‍ക്കുമുംപാണ് കൗമാരം  കടന്നിട്ടില്ലാത്ത എന്‍റെ ജീവിതത്തിലേക്ക് ഒരു നാടക  മുഹൂര്‍ത്തം കടന്നു വരുന്നത്. അങ്ങനെ ആരോരുമറിയാതെ   ഞാനും ഒരു ഒരഭിനേതാവായി മാറിയ പഴയ കഥ  പറയാൻ ശ്രമിക്കുകയാണ് . 

1963 ലാണ്  ഞാന്‍ കണിമംഗലം ശ്രീ നാരായണ ഗുരുകുലം ഹൈ സ്കൂളില്‍ ഒമ്പതാം ക്ളാസില്‍ ചെന്ന് ചേരുന്നത്.  എട്ടാം ക്ളാസ്  വരെ പെരിഞ്ഞനം ആര്‍ എം ഹൈ സ്കൂളിലായിരുന്നു. ആര്‍ എം ഹൈ സ്കൂളിന്റെ ഒരു സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്  എന്ന്  വേണം പറയാന്‍.  എട്ടാം ക്ളാസിന്നു മാത്രo അന്ന്  12 ഡിവിഷനുകൾ  ഉണ്ടായിരുന്നു.  ഒരൊ ക്ളാസും  തിങ്ങി നിറഞ്ഞു കുട്ടികള്‍ എവിടെയും തിക്കും തിരക്കും ബഹളവും തന്നെ .  പുതുതായെത്തിയ ചെറുപ്പക്കാരായ അദ്ധ്യാപകര്‍ക്ക് കുട്ടികളെ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ പ്രയാസമായിരുന്നു.  ആ സന്ദര്‍ഭം മുതലെടുത്ത്‌ ഞങ്ങൾ  നല്ല പോലെ ഉഴപ്പുകയും ചെയ്തു 

ഞാന്‍ പഠിചിരുന്ന എട്ടാം ക്ളാസ്  A ഡിവിഷന്‍ വളരെ കുപ്രസിദ്ദിയാര്‍ജ്ജിച്ചിരുന്നു പുതുതായ് എത്തിയ  അദ്ധ്യാപകരും അദ്ധ്യാപികമാരും ആ ക്ളാസ്സിൽ  വരാന്‍ ഭയപ്പെട്ടിരുന്നു.  ഞങ്ങള്‍ രണ്ടു മൂന്ന് കുട്ടികള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാവരും തന്നെ അദ്ധ്യാപകരോളം പ്രായമുള്ളവരായിരുന്നു.  രണ്ടും മൂന്നും  വര്‍ഷങ്ങള്‍ ഒരൊ ക്ളാസ്സിലും  ചെലവിട്ടു കൊണ്ടാണ് അവരെല്ലാം അവിടെ എത്തിയത്. 

ഇന്നത്തെ അലങ്കാര്‍ ഫെബ്രിക്സ് ഉടമ കാക്കനാടന്‍ ബാലന്‍ വേലിക്കെട്ട് സഹോദരന്മാര്‍ എന്നറിയപ്പെട്ടിരുന്ന ഖയൂം, നൂറുദ്ദീന്‍, ഹംസ തുടങ്ങി ഒട്ടേറെ പേര്‍ ആ ക്ളാസിൽ ഉണ്ടായിരുന്നു    ഇവരോടൊപ്പം ചേര്‍ന്ന് ഉഴപ്പിയത കൊണ്ടാണ് ഒരു പണിഷ് മെന്‍റ് ട്രാസ്ഫാരായി കണിമംഗലം സ്കൂളിലേക്ക് എനിക്ക് പോകേണ്ടിവന്നത്   അവിടെ ഞാന്‍ കുളം മാറിയെത്തിയ പരല്‍ മീന്‍ പോലെ ഒറ്റപ്പെട്ടുപോയി.  കൂട്ടുകാരോന്നുമില്ലാതെ കുസൃതികളെല്ലാം കയ്യൊഴിഞ്ഞു തികച്ചും ഏകാന്തമായ അന്തരീക്ഷം എന്നെ വീര്‍പ്പുമുട്ടിച്ചു.  തുറന്ന വിഹായസ്സില്‍ യധേഷ്ട്ടം പാറി പറന്നുല്ലസിച്ച പറവയെ സുവര്‍ണ്ണ പജ്ഞരതതില്‍ അടച്ചിട്ട പോലെ. 

ഒരു ദിവസം ഉച്ചയൂണും കഴിഞ്ഞു ഒറ്റയ്ക്ക് തൂണും ചാരി നില്‍ക്കുകയായിരുന്നു.  പുറത്ത് ആകാശത്ത് നരച്ച വെന്മേഘങ്ങള്‍ ഒറ്റയും തറ്റയുമായി ഒഴി നീങ്ങുന്നതും നോക്കി ഞാങ്ങനെ നിന്ന്.   അന്നേരമാണ് നന്ദനന്‍ മാഷ്‌ എന്‍റെ ജീവിതത്തിലേക്ക് കയറി വന്നത്.  ഒരു ദേവദൂതനെ പോലെ ഒരു ഗന്ധർവ്വനെ പോലെ  എന്നെല്ലാം പറയാം.  അന്ന് അതെന്റ  ജീവിതത്തിലെ മറക്കാനാവാത്ത ഒരദ്ദ്യായം എഴുതി ചേര്‍ക്കാനായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. 

നന്ദനന്‍ മാഷ്‌ ഞങ്ങളുടെ സ്കൂളിലെ ഫിസിക്കല്‍ ട്രെയിനിംഗ് ഇന്സ്ട്രക്ട്രാണ് ACC യുടെ കമന്ററും. ഏകാന്തമായ ആ നിൽപ്പിൽ നിന്നും സ്കൂളിന്റെ ഒരു കോണിലുള്ള സ്പോര്‍ട്ട്സ് റൂമിലേക്കാണു  അന്ന് സാറെന്നെ കൂട്ടി കൊണ്ട് പോയത്. 

തൃശൂരിലെ പ്രൊഫഷനല്‍ നാടക ഗ്രൂപ്പുകളിലും അമേച്വര്‍ നാടക സംഘങ്ങളിലും ഒരു പോലെ ആദരണീയനും പ്രശസ്ഥനുമാണ്  ആര്‍ടിസ്റ്റ് നന്ദനെന്ന ഞങ്ങളുടെ നന്ദനന്‍ സാറ്.  ധാരാളം നാടകങ്ങള്‍ രചിക്കുകയും, സംവിധാനo  ചെയ്യുകയും  രംഗപടങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുള്ള നന്ദനന്‍ സാര്‍ മാന്നാര്‍ മത്തായിയെ ഓര്‍മ്മിപ്പിച്ചിരുന്നു.  അദ്ദേഹത്തിന്റെ വീടിനോടു ചേര്‍ന്നുള്ള പണിപ്പുര ഊർവ്വശി   തിയ്യേറ്റർസ്  എന്ന പോലെ    വിവിധവേഷങ്ങളുടെയും അണിയറ ശില്പ്പ ങ്ങളുടെയും ഒരു വലിയ കലവറ തന്നെയാണ്. 

ചന്ദ്രിക  സോപ്പ് ഫാക്ടറിയുടമ ശ്രീ സി ആര്‍ കേശവന്‍ വൈദ്യരുടെ ഷഷട്ടി പൂർത്തി അതി ഗംഭീരമായി ആഘോഷിക്കാന്‍ SNDPയും ശ്രീ നാരായണ ട്രസ്റ്റും പദ്ധതിയിട്ടിരിക്കയാണ്.  SNDPയുടെ ചെയര്‍മാനും സാരഥിയും പൌര പ്രമുഖനും എല്ലാമാണ്  ശ്രീ കേശവന്‍ വൈദ്യര്‍  SNDPയുടെ കീഴിലുള്ള ഞങ്ങളുടെ സ്കൂള്‍ അങ്കണമാണ് ഷഷ്ടിപൂർത്തി ആഘോഷങ്ങള്‍ക്കുള്ള വേദിയായി ഒരുക്കുന്നത്. സ്കൂളിന്റെ വാര്‍ഷികവും അതെ വേദിയില്‍ അരങ്ങേറുന്നു കലാ പ്രവര്ത്തനങ്ങളുടെ ചുമതല നന്ദനന്‍ സാറിന്റെ ചുമതലയായി.  

അന്നത്തെ ഉപമുഖ്യ മന്ത്രിയായിരുന്ന  ശ്രീ. R ശങ്കറാണ് ഉത്ഘാടകനായി എത്തുന്നത്.  സ്കൂള്‍ അങ്കണത്തില്‍ പതിനായിരങ്ങളെ ഉള്‍ക്കൊള്ളിക്കാവുന്ന പടുകൂറ്റന്‍ പന്തല്‍ ഒരുങ്ങി.  എങ്ങും  തൃശൂര്‍ പൂരത്തിന്റെ തിക്കും തിരക്കും.  എല്ലാത്തിന്നും ചുക്കാന്‍ പിടിച്ചുകൊണ്ട്  നന്ദനന്‍ സാര്‍ ഓടി നടക്കുന്നു.  

കലാപരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമായി ഒരു നല്ല നാടകം വേണമെന്നായി. ഏതെങ്കിലും പ്രൊഫഷനല്‍ നാടക ട്രൂപ്പിനെ വിളിക്കാം എന്നായി SNDP തീരുമാനം.  അതുവേണ്ടെന്നും സ്കൂള്‍ വാര്‍ഷികമായി കുട്ടികള്‍ നാടകം അവതരിപ്പിക്കുമെന്നും  നന്ദനന്‍ സാര്‍ പറഞ്ഞു.  ശ്രീ ആര്‍. ശങ്കറും  കേശവന്‍ വൈദ്യരും  മറ്റു  SNDPയുടെ ഉന്നത നേതാക്കളും പങ്ക്  എടുക്കുന്ന  വേദിയില്‍ കുട്ടികളുടെ കാട്ടിക്കൂട്ടല്‍ പോരെന്നും ഒരു വിഭാഗം SNDP നേതാക്കള്‍ അഭിപ്രായപ്പെട്ടു.  ശ്രീ നാരായണ ഗുരുവിന്റെ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നാടകം അതായിരുന്നു നന്ദനൻ  സാറിന്റെ മനസ്സില്‍.  ഒടുവില്‍ അതന്ഗീകരിക്കപ്പേട്ടു. നന്ദനന്‍ സാറിന്റെ പ്രവൃത്തി പരിചയവും ജനസമ്മിധിയും തന്നെയാണതിന്റെ പിന്നില്‍.

ആ നാടകത്ത്തിലേക്ക് നായികയായി ഒരു പെണ്‍കുട്ടിയെ തേടുന്നതിന്നിടയിലാണ് സാറിന്റെ മുന്നില്‍ ഏകനായി വിഷാദ ഭാവവുമായി നില്‍ക്കുന്ന ഞാന്‍ പ്രത്ത്യക്ഷപെടുന്നത്.  എന്‍റെ ആകാരവും പതിഞ്ഞ ശബ്ദവും ഒരു പെണ്‍കുട്ടിക്ക് ചേര്‍ന്നതാണെന്നു സാറിന്നു തോന്നിയിരിക്കണം.  കല്ലും കരടും മാറ്റി ചവിട്ടിക്കുഴച്ച്ചെടുക്കുന്ന മണ്ണില്‍ നിന്നും മനോഹരമായ കലാശില്പങ്ങൾ  മെനെഞ്ഞെടുക്കുന്നത് പോലെ നന്ദനന്‍ സാര്‍ ഒരിക്കലും ഒരു സ്റെജിന്റെ പടിപോലും കയറിയിട്ടില്ലാത്ത എന്നില്‍നിന്നും ഒരു നല്ല നായികയെ ചമയിച്ച്ചോരുക്കി എടുക്കുകയായിരുന്നു.  യഥാര്‍ത്തത്തില്‍ ഞാന്‍ ആ നാടകത്തില്‍ അഭിനയിക്കുകയായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളo അഭിനയം എന്താണെന്ന് അറിയ്ല്ലായിരുന്നു. നന്ദനന്‍ സാര്‍ ആ പെണ്‍  കുട്ടിയിലേക്ക്‌  എന്‍റെ മനസ്സും ശരീരവും പറിച്ചു നടുകയായിരുന്നു. സ്റെജില്‍ നില്‍ക്കുമ്പോള്‍ പരിസരമാകെ ഞാൻ വിസ്മരിച്ചു പോയി.   ഒരിക്കല്‍ പോലും ഞാന്‍ കാണികളെ കണ്ടിരുന്നില്ല, അങ്ങോട്ട്‌ നോക്കിയില്ലെന്നതാണ് സത്യം.  അതുകൊണ്ട് അഭിനയിക്കുമ്പോള്‍ ഒരു ഭയവും എനിക്കനുഭവപ്പെട്ടിരുന്നില്ല

നാട്ടിന്പുറത്തെ നാലുകെട്ടും നടപ്പുരയു എല്ലാ മുള്ള ഒരുവലിയ നായര്‍ തറവാട്ട് .. അതിന്റെ പൂമുഖത്താണ് കഥ്‌ നടക്കുന്നത്.  വലിയ തറവാടിലെ അരുമ സന്താനമായ നളിനി പുരോഗമന സാഹിത്യകാരനും ചിത്രകാരനുമായ പുലയ യുവാവ് തങ്കപ്പനുമായി  അനുരാഗത്തിലാവുന്നു.  തറവാട് കാരണവര്‍ വിശ്വംഭരന്‍ ആ ബന്ധത്തെ എതിര്‍ക്കുന്നു.  പുരോഗമന പ്രസ്ഥാനത്തിന്റെ  സാരഥി   യും ഇടതു പക്ഷ ചിന്താഗതിയുമുള്ള പരമേശ്വരന്‍ ആ ബന്ധത്തെ അനുകൂലിക്കുന്നില്ലെങ്കിലും എതിര്‍ക്കുന്നില്ല.   ജോലിയും കൂലിയുമില്ലാതെ കവിതകളുമായി  അലഞ്ഞു നടക്കുന്ന തങ്കപ്പനോട്    തൂമ്പയും കൂന്താലിയുമായി കൃഷിയിടത്തിലേക്കിറങ്ങി ചെല്ലാന്‍ പരമേശ്വരൻ  ആഹ്വാനം ചെയ്യുന്നു.  ഒടുവില്‍ ജുബ്ബയും തോളിലെ മാറാപ്പ് സഞ്ചിയും ഉപേകഷിച്ച് തലയില്‍ കൂമ്പാളയും കയ്യില്‍ തൂമ്പയുമായി കയറിവരുന്ന തങ്കപ്പന്റെ കൈകളില്‍ മകളെ ഏല്‍പ്പിക്കുമ്പോള്‍ പകച്ചു നില്‍ക്കുന്ന വിശ്വംഭരനും കൂട്ടുകാരന്‍ ബാലനും ... എലാവരും ചേര്‍ന്ന് കൈ കോര്‍ത്തു നില്‍ക്കുമ്പോള്‍ ..ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാ സന്ദേശ ഗാനം  പാശ്ചാത്തലത്തില്‍ മുഴങ്ങുന്നു. 

അഞ്ചോ ആറോ  സീനുകളിലായി മൂന്ന് മണിക്കൂറോളം നീളുന്ന കഥയും രംഗങ്ങളും  ചിട്ടപ്പെടു ത്തിയത്  നന്ദനന്‍ സാറ് തന്നെയാണ് .  മൂല കഥ കേശവദേവിന്റെ ഏതോ നാടകത്തില്‍ നിന്ന് എടുത്തതാണ്. സംഭാഷണങ്ങളല്ലാം റിഹേര്‍സല്‍ സമയത്ത് മനോധർമ്മം പോലെ   നന്ദനൻ സാർ പറഞ്ഞു തരുന്നതാണ് . അന്നേരം  ഞങ്ങള്‍ പകര്‍ത്തിയെടുത്ത് പഠിക്കുകയായിരുന്നു. കുട്ടികളുടെ യഥാർത്ത പേരുകൾ തന്നെയാണ് കഥാ പാത്രങ്ങൾക്ക് നല്കിയത്. എന്നിട്ടും ഒരു മുഷിപ്പും കൂടാതെ ഇത്രയും വലിയ ഒരു ജനാവലിയെ പിടിച്ചിരുത്തുവാനും   ആസ്വദകരാക്കുവാനും  കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് നന്ദ്നൻ  സാറിന്നു മാത്രം അവകാശ പ്പെടാ വുന്ന ക്രെടിട്ടാണ്.. 

ഞാന്‍ ഇങ്ങനെ ഒരു നാടകത്തിലഭിനയിക്കുന്നതോ ഇത്രയും വലിയ ഒരാഘോഷത്ത്തിന്റെ ഭാഗ മാകുന്നതോ ഒരാളോടും പറഞ്ഞിരുന്നില്ല.  കുടുംബത്തിലാരും തന്നെ ഇങ്ങനെ ഒരു സംഭവം അറിഞ്ഞതേയില്ല.  ഇന്നും ഞാന്‍ ഒരു നാടകത്തില്‍ അഭിനയിച്ച്ചുവെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കുമെന്നും തോന്നുന്നില്ല.  അതിന്നു മുന്‍പോ അതിന്നു ശേഷമോ ഞാന്‍ ഒരു നാടകത്തിലും വേഷമിട്ടിട്ടില്ല.   എന്തോ ഒരു കുറ്റം  ചെയ്യുന്നത് പോലെ സ്വകാര്യമായിരുന്നു എന്‍റെ അഭിനയവും അരങ്ങേറ്റവും. മഹത്തായ് ആ അഭിനയ മുഹൂര്‍ത്തത്തിനു സാക്ഷികളാവാന്‍ കുടുംബത്തിലെ ഒരാള്‍ക്കും ഭാഗ്യ മുണ്ടായില്ല. 

എന്‍റെ താഴെയുള്ള പെങ്ങളുടെ പാവാടയും ജാക്കറ്റും അടിവസ്ത്രങ്ങളും സൂത്രത്തില്‍ മോഷ്ട്ടിച്ച്ചു കൊണ്ട് പോയാണ് നാടകത്തിൽ  വേഷമിട്ടത്. ചുരുളന്‍ മുടിയുള്ള വിഗ്ഗ് വെച്ച് മുല്ല പൂചൂടി നെറ്റിയില്‍ കളഭവും  പൊട്ടും ചാര്‍ത്തി ഒരുങ്ങി വന്നപ്പോള്‍ കണ്ണാടിയില്‍ എന്‍റെ സഹോദരിയെയാണ്‌ ഞാന്‍ കണ്ടത്.  അവള്‍ സുന്ദരിയായിരിക്കുന്നല്ലോ എന്ന് ഞാനോര്‍ത്തു. അത്രയും അനുയോജ്യമായിരുന്നു മേക്കപ്പ്.  കഥയിലെ നായകനായി വന്ന തങ്കപ്പാനാണു  എന്നെ അണിയിച്ച് ഒരുക്കിയത് .  നന്ദനന്‍ സാറിന്റെ അസിസ്റ്റന്റ്‌ ആയി അവന്‍ പല നാടകങ്ങൾ  ക്കുപിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടകത്തിൻറെ ആദ്യ രംഗത്ത്  കർട്ടൻ ഉയരുമ്പോൾ വേദി ഇരുളിലാണു.  സ്പോട്ട് ലൈറ്റിന്റെ പ്രകാശത്തിൽ കയ്യിൽ നിലവിളക്കുമായി കടന്നു വന്നു ഞാൻ പ്രാർഥന ചൊല്ലാൻ ഇരിക്കുന്നതോടെ പ്രകാശം  പരക്കുന്നു. മനോഹരമായിരുന്നു ആ അവതരണം.  തുടർന്നു വന്ന ഓരോ രംഗങ്ങളും ആ ചാരുത നില നിർത്തുവാൻ ഞങ്ങൾക്ക്  കഴിഞ്ഞു വന്നു എന്ന് അഭിമാനത്തോടെ ഓർക്കുകയാണ്..

ശ്രീ C R കേശവന്‍ വൈദ്യരുടെ ഷഷ്ടിപൂർത്തി  അനുബന്ധിച്ചു ഒരു സ്മരണ ശ്രീ നാരായണ ട്രസ്റ്റ് പുറത്തിറക്കിയിരുന്നു.  ധാരാളം ചിത്രങ്ങളും ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും  എല്ലാം  കൊണ്ടും സമ്പന്നമായ  ആയിരത്തിലധികം പേജുള്ള ഒരു പുസ്തകമാണത്.  ആ പുസ്തകത്തില്‍ ഈ നാടകത്തിന്റെ സ്റ്റില്ലുകളും  വിശേഷങ്ങളുമുണ്ടായിരുന്നു..  അന്ന് അതിന്റെ ഒരു കോപ്പി സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. വളരെ നാളുകള്‍ക്കു ശേഷം ഞാന്‍ ഗള്‍ഫില്‍ നിന്നെല്ലാം തിരിച്ചു വന്നപ്പോള്‍ ഈ പുസ്തകത്തിന്‍റെ ഒരു പ്രതി കിട്ടുവാന്‍ പരിശ്രമിച്ചു നോക്കി.  നിര്‍ഭാഗ്യമെന്നു പറയട്ടെ SN ഹൈ സ്കൂളിന്റെ വായനശാലയിലും ഇപ്പോഴതില്ല.   അങ്ങനെ അന്നത്തെ നാടകവും അതിന്റെ ഓര്‍മ്മകളും ജീവിച്ചിരിക്കുന്ന ചിലരുടെ ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുന്നു.  വന്ദ്യ ഗുരുനാഥനായ നന്ദനന്‍ സാര്‍ കഥാവശേഷനായിട്ട്  വർഷങ്ങളാവുന്നു ..

മനസ്സിന്റെ ഏതോ ഒരു കോണില്‍ മായാതെ കിടന്ന ഓര്‍മ്മകളുടെ ഒരു മയില്‍ പീലിതുണ്ടാണ് ഡോക്ടര്‍ മുസ്തഫ പോടിതട്ടിയെടുത്തിരിക്കുന്നത്.  ഈ ഓര്‍മ്മക്കുറിപ്പ്‌ ഇവിടെ പൂർണ്ണമാവുന്നില്ല . അതിന്നു അനുബന്ധമായി ഒരു പ്രണയ കഥ കൂടി പറഞ്ഞാലേ കഥ പൂര്‍ണ്ണമാവൂ.  ബാല്യ  ചാപല്യമെന്നോ കൌമാര കുതൂഹലമെന്നോ എന്തുവേണമെങ്കിലും അതിന്നു പേര് ചൊല്ലി വിളിക്കാം

എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ പെണ്‍കൊടീ നിന്നെയും തേടീ....... അതെ എന്റെ പ്രണയ കഥയിലെ നായിക  യമുനയെ കുറിച്ചാണ് ഞാന്‍ എഴുതാന്‍ തുടങ്ങുന്നത്. 

യമുന.   ഞാന്‍ അന്ന് ഒമ്പതാം ക്ളാസില്‍ ചെന്ന് ചേരുമ്പോള്‍ അവളും ഒമ്പതില്‍.  ഞാന്‍ A യിലും, അവള്‍ B യിലും.  A ഡിവിഷന്‍ മലയാളം സബ്ജെക്റ്റ് കാരാണ്. B സംസ്കൃതത്തിന്നു..  ഞങ്ങളുടെ തൊട്ടടുത്ത ക്ളാസ് റൂം.  നീണ്ടചുരുളന്‍ മുടി വിടര്‍ത്തി പിന്നിയിട്ട്  മുടിച്ചുരുളില്‍ തുളസിക്കതിര്‍ ചൂടി അവള്‍ വരുമ്പോള്‍ വല്ലാത്ത ഒരു കൌതുകമായിരുന്നു.   ആ കൌതുക മനസ്സില്‍ നിറഞ്ഞു നിന്നു.  അസംബ്ളിക്ക്   "അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി,അതിനുള്ളിലാനന്ദദീപം കൊളുത്തി"   യെന്ന  പ്രാര്‍ഥനാ   ഗാനം  ആലപിച്ചിരുന്നത് യമുനയും ചിയാരത്ത് നിന്ന് വരുന്ന ഇന്ദിരയും ചേര്‍ന്നാണ്. വളരെ മനോഹരമായാണ്  അവര്‍ പ്രാര്ഥനാ ഗാനം  ചൊല്ലിയിരുന്നത് .  അതിന്റെ ഒരഹങ്കാരം  അവളുടെ മുഖത്തുണ്ടായിരുന്നു താനും.  ഞാന്‍ പലപ്പോഴും തൂണിന്റെ മറവിലോക്കെ ഒളിഞ്ഞു നിന്ന് അവളെ ശ്രദ്ധിക്കുമായിരുന്നെങ്കിലും ഒരിക്കലും അവള്‍ കണ്ടതായി ഭാവിച്ചില്ല. 

യമുനയെ കുറിച്ച് ഓർക്കുമ്പോഴെല്ലാം  എന്‍റെ മനസ്സില്‍ ഓടിയെത്തുന്നത് മറൊരു ഗാനത്തിന്റെ ഈരടികളാണ്.  അന്ന് പ്രചുരപ്രചാരം നേടിയ ഒരു നാടക  ഗാനത്തിന്റെ  വരികള്‍. 

          മഞ്ഞിന്‍റെ തട്ടമിട്ട്
          മഞ്ചാടി മാല കോര്‍ത്തു 
          മണ്ണില്‍ പിറന്ന ദേവ കന്യകേ..
          മണ്ണില്‍ പിറന്ന ദേവ കന്യകേ ...

ഞങ്ങളുടെ നാടകത്തില്‍ വൃദ്ധനായ അപ്പൂപ്പന്റെ മടിയില്‍ ചേര്‍ന്നിരുന്നു ഞാന്‍ പാടുന്ന ഒരു പാടിന്റെ സീനുണ്ട്.  അതിന്നു പിന്നണി പാടുവാന്‍ നന്ദനന്‍ സാര്‍ കൊണ്ട് വന്നത് എന്‍റെ സ്വപ്ന വല്ലരിയിലെ അതെ കുസുമത്തെയാണു. അവള്‍ പിന്നണിയിലിരുന്നു പാടും.  ഞാന്‍ ചുണ്ടുകളനക്കും. ഇന്നത്തെ പോലെ ടേപ്പ് റെക്കൊടരും CD പ് ളേയറോ   ഒന്നും അന്നില്ലല്ലോ .  ഒട്ടേറെ റിഹേഴ്സലുകള്‍ ആ സീനിന്നു വേണ്ടി ഞങ്ങള്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്.  സ്പോര്‍ട്സ് റൂമിന്റെ വരാന്തയിലിരുന്നു അവള്‍ പാടുo .  അതിന്നനുസരിച്ച് സ്റെജില്‍ നടക്കുന്നത് പോലെ  ഞാന്‍ പാടി അഭിനയിക്കും 

ഒരു പ്രണയമോ അനുരാഗമോ തോന്നാനുള്ള പ്രായമൊന്നും ആയിട്ടില്ലെങ്കിലും അവളുമായുള്ള അടുപ്പം  ഒരു നിധിപോലെ ഞാന്‍ സൂക്ഷിച്ചു.  സ്കൂളിലെ ഏറ്റവും സുന്ദരിയായ  വലിയ ഗായികയുടെ സൗഹൃദം അത് എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു.  എന്‍റെ സ്വകാര്യമായ അഹങ്കാരവും അഭിമാനവുമായിരുന്നു അവള്‍ ..യമുന. 

സ്കൂള്‍ വാര്‍ഷികവും, നാടകവും റിഹെഴ്സലുകളും എല്ലാം കഴിഞ്ഞു.  എല്ലാ വെറും ഓര്‍മ്മകളായി. മധ്യവേനലവുധി വന്നു.  സ്കൂള്‍ പൂട്ടിയപ്പോള്‍ ഞാൻ  വീട്ടിലേക്കു പോന്നു.  കൂടെ എന്‍റെ സ്വകാര്യ  സ്വപ്നങ്ങളും.

രണ്ടുമാസത്തെ വേനലവുധിക്ക്ശേഷം  തിരിച്ചെത്തുമ്പോൾ  ഒരു ദുരന്തവാര്‍ത്ത എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.  ആ വാര്‍ത്ത ആദ്യം അറിയിക്കുന്നത് ക്ളാസിലെ  സുന്ദരിയായ സുജാതയാണ്.  നല്ല വെളുത്ത് സുജാത പപ്പട മുണ്ടാക്കുന്ന കൊങ്ങിണി ബ്രാമ്ഹ പെണ്‍കുട്ടിയാണ്.  "ദോ..കുട്ടീ തന്‍റെ യമുനയുടെ വിശേഷ മറിഞ്ഞോ.." 

തന്‍റെ യമുനാ എന്നാ പ്രയോഗം എന്നെ കോള്‍മയിര്‍ കൊള്ളിച്ചു.  സുന്ദരിയായ സ്കൂളിന്റെ അഭിമാന ഭാജനമായ   യമുനയെ എന്റേതെന്നു പറഞ്ഞപ്പോള്‍ അതൊരു അംഗീകാരമായ്  എനിക്ക് തോന്നി .  എന്‍റെ ഹൃദയം പ്രണയ നിര്‍ഭരമായി തുടി കൊട്ടി.

അത് അധിക നേരം നീണ്ടുനിന്നില്ല.

"ഇല്ല -- ഞാനറിഞ്ഞില്ലല്ലോ.. എന്താ വിശേഷം..."  യമുനയെ കുറിച്ചറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ ആരാഞ്ഞു.  രണ്ട്ട് മാസത്തെ അവുധി ആഘോഷിച്ചു തിരിച്ചെത്തിയ എനിക്ക് സ്കൂളിന്നും പരിസരത്തുമുള്ള വിശേഷങ്ങള്‍ അജ്ഞാതമായിരുന്നു. 

"  ആ കുട്ടി കിണറില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.."  കൊങ്ങിണി സുജാത പറഞ്ഞത് എനിക്ക് വിശ്വസിക്കുവാനായില്ല.  എന്‍റെ തലയ്ക്കു ചുറ്റും കടന്നാല്‍ കൂട്ട് ഇളകിയത് പോലെ ഒരു  മൂളിച്ച  മാത്രം . 

യമുന കണിമംഗലത്തെ  റെയില്‍വേ ഗേറ്റിന്നുമാപ്പുറം  നെടുപുഴ റോട്ടിലാണ് താമസ മെന്നെനിക്കറിയാം.  അവിടെ സാമാന്യം വലിയ തറവാടും അതിന്റെ എല്ലാ സൌകര്യങ്ങളുമുണ്ട്.  റോട്ടിലേക്ക് ചാഞ്ഞു നില്‍ക്കുന്ന വലിയ മൂവാണ്ടന്‍ മാവില്‍ നിറയെ മാങ്ങകളുമുണ്ടാവും.  

അവളെന്തിന്നു കിണറ്റില്‍ ചാടണം.  ആത്മഹത്യക്ക് ശ്രമിക്കണം.  അവളെ ചുറ്റി പറ്റി എന്തെല്ലാമോ ദുരൂഹതകൾ നിറഞ്ഞു നില്ക്കുന്നതായി എനിക്ക് തോന്നി 

ദുരൂഹതകള്‍ അല്പനേരത്തിന്നുള്ളില്‍ ചുരുളഴിഞ്ഞു.

അവള്‍ ഗര്‍ഭിണിയായി. .." വീര്‍ത്ത വയര്‍ ആംഗ്യത്തോടെ അവതരിപ്പിച്ചു കൊണ്ട് കൊങ്ങിണി സുജാത ബാക്കി കാര്യങ്ങളും പറഞ്ഞുതന്നു.

ഞങ്ങളുടെ ക്ളാസിലെ  മണിയുടെ അച്ഛനും  അമ്മയും യമുനയുടെ വീട്ടിലെ കൃഷിയിടത്തിലെ പണിക്കാരാണ്.  മണിയുടെ ചേട്ടന്‍ ശശി നല്ല ഒരു ഗായകനാണ്.  ചിത്ര രചനയിലും താത്പര്യമുണ്ട്.  മനോഹരമായ് വയലിന്‍ വായിക്കും.  കുഞ്ഞുനാള്‍ മുതല്‍ പരിചയമുള്ള ശശിയും യമുനയും പ്രണയ ബദ്ധരായിരുന്നു. രഹസ്യമായി കൊണ്ട് നടന്നിരുന്ന ആ പ്രണയത്തിനു  എപ്പോഴാണ്  ഈ വഴിത്തിരിവുണ്ടായാത് എന്ന്  ആര്‍ക്കും അറിയില്ല.

ഞങ്ങള്‍ അവതരിപ്പിച്ച നാടകത്തിലെ പ്രമേയം പോലെ താഴ്ന്ന ജാതിക്കാരനായ യുവാവിനു കൈ പിടിച്ചു കൊടുക്കുവാനുള്ള ഹൃദയ വിശാലതയൊന്നും യമുനയുടെ രക്ഷിതാക്കൾക്കില്ലായിരുന്നു . അവര്‍ അവനെ മർദ്ദിച്ചു   അവശനാകി കണിമംഗലം റെയിൽവേ ട്രാക്കില്‍ ഉപേക്ഷിക്കുന്നു. അല്ല ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു എന്നും ജനസംസാരം. പോലീസ് കേസില്‍ അതൊരു ആത്മഹത്യയായി എഴുതി തള്ളി.

വിവര മറിഞ്ഞ യമുന കിണറില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു.  വേനല്‍ക്കാലമായതിനാല്‍ കിണറില്‍ വെള്ളം കുറവായിരുന്നു.  അവള്‍ മരിച്ചില്ല. വീട്ടുകാരും നാട്ടുകാരും കിണറ്റിലിറങ്ങി അവളെ കരക്ക്‌ കയറ്റി. 

പിന്നീടവള്‍ സ്കൂളില്‍ വന്നിട്ടില്ല. ഞാൻ കണിമംഗലം സ്കൂൾ വിട്ടു പോരുന്നത് വരെ പലപ്പോഴും അവളെ ഒന്ന് കാണാൻ ശ്രമിച്ചിരുന്നു. പക്ഷെ ഒരിക്കലും അവൾ മുഖം തന്നില്ല  ഇന്നും എന്‍റെ മനസ്സിന്റെ ഒരു കോണിലവളുണ്ട് . ആനന്ദ ബ്ളൂ  നിറമുള്ള പാവടയുടുത്ത് വെള്ള ജാക്കടുമിട്ട് സ്പോര്‍ട്ട്സ് റൂമിന്റെ കോലായില്‍ ബെഞ്ചിന്റെ ഓരത്തിരുന്നു അവള്‍ പാടുന്നുണ്ട്....................................

       മഞ്ഞിന്‍റെ തട്ടമിട്ടു
       മഞാടി മാല കോര്‍ത്ത് 
       മണ്ണില്‍ പിറന്ന ദേവ കന്യകേ 
       മണ്ണില്‍ പിറന്ന ദേവ കന്യകേ